2020, ഏപ്രിൽ 19, ഞായറാഴ്‌ച

നാട്ടുകളികൾ - പമ്പരം കൊത്ത്

നാട്ടിൻ പുറത്തെ കളികൾ ഒന്നോർത്തെടുക്കാനുള്ള ശ്രമമാണ് ( എടതിരിഞ്ഞി - ഇരിങ്ങാലക്കുട )


പമ്പരം.

മരപ്പമ്പരമാണെങ്കിൽ, അതിന്റെ ആണി മാറ്റിയിടുക എന്നതാണ് ആദ്യത്തെ പണി.  വാങ്ങിക്കുമ്പോൾ അതിന്മേലുള്ള ആണി ചെറുതോ, വളഞ്ഞിരിക്കുന്നതോ ഒക്കെ ആയിരിക്കും. അതുകൊണ്ടാണ് മാറ്റിയിടേണ്ടി വരുന്നത്. ആണി ചെരിഞ്ഞിരുന്നാൽ, പമ്പരത്തിന്  ‘ചാട്ടം’ കൂടുതലായിരിക്കും, കറക്കം പെട്ടന്ന് അവസാനിക്കും. ആണി മാറ്റിയിടാൻ ഒന്നരയിഞ്ച്/രണ്ടിഞ്ച് ആണിയോ കുടക്കമ്പിയുടെ കഷണമോ ഉപയോഗിക്കാം. കുടക്കമ്പിയാണെങ്കിൽ ഒരു വശം കല്ലിലോ തറയിലോ ഉരച്ച് നല്ലപോലെ കൂർപ്പിക്കണം. ഇനി പമ്പരത്തിലുള്ള ആണി പറിച്ചു കളഞ്ഞ്, കൃത്യം കേന്ദ്രം കണ്ടെത്തി, അതിലൂടെ ഈ പുതിയ ആണി കൃത്യം ലംഭമായി പമ്പരത്തിൽ അടിച്ചു കയറ്റണം. നല്ല പോലെ കയറി ഉറച്ചു കഴിഞ്ഞു എന്നുറപ്പായാൽ, ആവശ്യത്തിനു നീളം കഴിഞ്ഞ് ബാക്കിയുള്ള  ആണിയുടെ ഭാഗം മുറിച്ചു കളയണം. പറിക്കാനും മുറിക്കാനും  പ്ലയർ ഉപയോഗിക്കാം. ഇനി ഈ പുറത്തേക്കുള്ള ആണി  ഉരച്ച് കൂർപ്പിക്കാം. പമ്പരത്തിന്റെ ആണിയോടു ചേരുന്ന ഭാഗം  മൂർച്ചയുള്ള കത്തി കൊണ്ടോ ഉളി കൊണ്ടോ ചെത്തിക്കളഞ്ഞോ ഉരച്ചു കളഞ്ഞോ ആണിയോട് ചേരുന്ന പോലെയാക്കണം. ഇനി പമ്പരം കുറച്ചു ദിവസം എണ്ണയിലോ കരിഓയിലിലോ ഇട്ടു വെച്ചാൽ,പമ്പരത്തിന്  ഭാരം കൂടി കിട്ടും, ഒപ്പം ഇത് ഇരുമുള്ളിന്റെ പമ്പരമാണ് എന്ന് വീമ്പിളക്കുകയും ചെയ്യാം.

അപ്പോ പമ്പരം റെഡിയായി.

പ്ലാസ്റ്റിക് പമ്പരമാണെങ്കിൽ ഇതൊന്നും വേണ്ട.
പക്ഷേ പ്ലാസ്റ്റിക് പമ്പരം രണ്ടാം തരമാണെന്നാണ് വെപ്പ്.

ഇനി പമ്പരം കൊത്തിലെ ചില ‘ടേംസ്’ പരിചയപ്പെടുത്താം.

1. ചാട്ട : പമ്പരം കറക്കാനുപയോഗിക്കുന്ന നൂൽ/ചരട്. ഇതിന്റെ  രണ്ടറ്റത്തും  ഓരോ കെട്ടുണ്ടായിരിക്കണം. പമ്പരത്തിൽ ചുറ്റാനുള്ള നീളം + കൈയ്യിൽ പിടിക്കാനുള്ള നീളം ആയിരിക്കണം  ചാട്ടയുടെ മിനിമം നീളം.
2. കൊത്ത് : കൊത്ത് രണ്ട്  തരമുണ്ട് : 1. പമ്പരത്തിൽ നൂൽ ചുറ്റി കൈകൊണ്ട് ശക്തമായി മണ്ണിലേക്കെറിഞ്ഞ്  കറക്കുന്ന പ്രക്രിയ 2. ഒരു പമ്പരത്തിൽ മറ്റൊരു പമ്പരത്തിന്റെ ആണി കൊണ്ട് വീഴുന്ന തുള/ദ്വാരം.  ചേകവന് സ്വന്തം ദേഹത്ത് കുത്ത് വീഴുന്നതു പോലെയാണ് പമ്പരം കൊത്തുകാരന് സ്വന്തം പമ്പരത്തിൽ കൊത്ത് വീഴുന്നത്. ചുളുങ്ങിപ്പോകും, പ്രതികാരദാഹം കൊണ്ട് രക്തം തിളയ്ക്കും.
3. മട്ട : പമ്പരം കൊത്തുമ്പോൾ  ആണി മുകളിലേക്കോ വശങ്ങളിലേക്കോ ആയി കറങ്ങുകയോ കുത്തി മറിഞ്ഞ് പോകുകയോ ചെയ്താൽ അത് മട്ടയാണ്. മട്ട, കളിയിലെ നിർണ്ണായക ഘടകമായതുകൊണ്ട് ഇതു സംബന്ധിച്ച തീരുമാനമെടുക്കൽ വളരെ പ്രാധാന്യമുള്ളതാണ്. പമ്പരം ആണിയിലുയർന്നു നിന്ന്  രണ്ടു മൂന്നു തവണയെങ്കിലും കറങ്ങിയാൽ അത് മട്ടയായി കണക്കാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി റൂളിങ്ങ് ഉണ്ട്.  മട്ടയടിക്കുന്നത് മോശം കളിക്കാരന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. 10 കൊത്തു കൊത്തുമ്പോൾ 8 ഉം മട്ടയടിക്കുന്നവൻ കളിക്കാൻ ആളില്ലെങ്കിൽ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

4. ആപ്പ്. : മണ്ണിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പമ്പരം, ചാട്ട കൊണ്ട് മുകളിലേക്ക് കോരി കൈയ്യിലെടുക്കുന്ന പ്രക്രിയ. ആപ്പെടുക്കുന്നതും പമ്പരം കൊത്തിൽ നിർണ്ണായകമാണ്. കൊത്തി കൊണ്ടു തന്നെ പമ്പരം കറക്കണമെന്ന് നിർബന്ധമില്ല. വെറുതേ നൂൽ ചുറ്റി, ആയാസമില്ലാതെ കുമ്പിട്ടു നിന്നു പമ്പരം കറക്കിയും ആപ്പെടുക്കാം. പക്ഷേ കൊത്തി ആപ്പെടുക്കുന്നതാണ് ‘ആൺ’പിറപ്പുകൾക്ക്  അഭിമാനകരം. അതുപോലെ,  മണ്ണിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പമ്പരം ചാട്ട കൊണ്ട്  കൈവെള്ളയിലേക്ക് കോരിയിട്ട്  ആതേ കറക്കം തുടരാനനുവദിക്കുന്നത് നിങ്ങൾ  ഈ മേഖലയിലെ വിദഗ്ദനാണെന്നെന്നതിന്റെ തെളിവാണ്. ‘കൈയ്യിലെടുക്കുക’ എന്നാണ് ഈ പ്രക്രിയയുടെ പേര്. പമ്പരം  കൈയ്യിൽ നിന്ന് മണ്ണിലേക്ക് വീണാൽ  ആപ്പ് പോയതായി കണക്കാക്കും. വീണ്ടും ആപ്പെടുക്കേണ്ടി വരും.

5. കൊതി/വെറി : പലഹാരം കാണുമ്പോഴുള്ള കൊതിയല്ല. എപ്പോഴും അവനവൻ ജയിച്ചു  കാണുന്നതിനുള്ള കൊതി കൊണ്ട് നുണ പറയുന്നതിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കൊതി/വെറി എടുക്കരുത് എന്നത് പൊതുവേ കളികളുടെ യൂണിവേഴ്സൽ  ലോ ആണല്ലോ. എപ്പോഴും കൊതി എടുക്കുന്നവരെ കളിയിൽ കൂട്ടാതെ പുറത്തു നിർത്തുക എന്നതാണ് പൊതുവേയുള്ള രീതി. എങ്കിലും ‘ദൈവത്തിന്റെ കൈ’ പോലെയുള്ള കൈകടത്തലുകളൊക്കെ ഉണ്ടാവുകയും ചെയ്യും.

6. കളം : മണ്ണിൽ ഒരു കാലിന്റെ ഉപ്പൂറ്റിയും തള്ളവിരലും ഊന്നി ഒരു കറക്കം കറങ്ങിയാൽ കിട്ടുന്ന വൃത്തമാണ്  കളം.

7. കളിസ്ഥലം : തറഞ്ഞ, സമ നിരപ്പിലുള്ള,  മൺ പ്രതലമായിരിക്കണം കണിക്കാൻ വേണ്ടത്. പൂഴിയാണെങ്കിലും  ചരലാണെങ്കിലും പമ്പരം കറങ്ങുക ബുദ്ധിമുട്ടായിരിക്കും.പുല്ല് പാടില്ല.   ചരലില്ലാത്ത, ഉറച്ച ചെമ്മൺ പ്രതലമാണ് ഏറ്റവും അനുയോജ്യം. ചെറിയ തോതിലുള്ള പൂഴിയുള്ള സ്ഥലമാണെങ്കിൽ, മഴക്കാലം കഴിഞ്ഞ്  നനവ് മാറാതെ മണ്ണ് തറഞ്ഞ് നിൽക്കുന്ന സമയമായ ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ  സീസണാണ് പമ്പരം കൊത്തിന് അനുയോയം. ഈ കളിസ്ഥലത്തിന്റെ  നടുവിലായിരിക്കണം കളം.

കളികൾ  :

രണ്ട് തരം പമ്പരം കൊത്ത് കളികളാണ് പ്രസിദ്ധിയാർജ്ജിച്ചത്.
1. ഒറ്റക്കളം 2. ഇരട്ടക്കളം.

ഒറ്റക്കളം :ഒറ്റക്കളത്തിൽ, നേരത്തേ പറഞ്ഞതുപോലെ കളിസ്ഥലത്തിന്റെ നടുക്ക് ഒരു കളം വരയ്ക്കുന്നതോടെയാണ് കളിയുടെ ഒരുക്കം തുടങ്ങുന്നത്. ഇനി ആ കളത്തിനു നടുക്ക് ഒരു മരക്കഷണമോ മച്ചിങ്ങയോ പ്ലാവിലയോ ഒക്കെ വെക്കണം. എല്ലാ   കളിക്കാരും കളത്തിനു ചുറ്റും വട്ടമിട്ടു നിന്ന് പമ്പരം കളത്തിലെ കരുവിനെ  ലക്ഷ്യമാക്കി  കൊത്തി തുടങ്ങണം. അങ്ങനെ  ഓരോരുത്തരും  പമ്പരം കൊത്തിക്കറക്കി കൊണ്ടിരിക്കുമ്പോൾ ഏതെങ്കിലും ഒരാളുടെ കൊത്തു കൊണ്ട് കളത്തിലെ കരു പൂർണ്ണമായും കളത്തിന് പുറത്തേക്ക് തെറിച്ചാൽ, ആ തെറിപ്പിച്ചയാളടക്കം എല്ലാവരും ഉടൻ തന്നെ ‘ആപ്പ്’ എടുക്കണം. ആപ്പെടുക്കാൻ ഏറ്റവും വൈകിയ ആൾ ( ഏറ്റവും അവസാനം ആപ്പെടുത്തതോ, ആപ്പെടുക്കാൻ പരാജയപ്പെടുകയോ ചെയ്ത ആൾ )  പെട്ടു. അയാളുടെ പമ്പരമാണ് ഇനി കളത്തിൽ വെക്കേണ്ടത്. ഇനി മറ്റുള്ളവർ, കളത്തിലുള്ള അയാളുടെ പമ്പരം നോക്കി കൊത്തി തുടങ്ങണം.ആരുടെയെങ്കിലും കൊത്തിൽ അയാളുടെ പമ്പരം കളത്തിൽ നിന്ന് തെറിച്ചാൽ, പമ്പരം വെച്ചയാളുൾപ്പെടെ എല്ലാവരും ഉടനേ ആപ്പെടുക്കണം. അപ്പെടുക്കാൻ ഏറ്റവും വൈകിയ ആൾ പമ്പരം കളത്തിൽ വെക്കണം. മറ്റുള്ളവർക്ക് വീണ്ടും കൊത്തി തുടങ്ങാം. കളി അങ്ങനെ എത്ര നേരം വേണമെങ്കിലും തുടരാം.

കളിയിലെ ചില ഓപ്ഷനുകൾ.

1. മട്ടയടിച്ചാൽ : ആരുടെയെങ്കിലും കൊത്ത് മട്ടയായി എന്നു കരുതുക. മൂന്ന് ഓപ്ഷനുകൾ ഉണ്ട്. 1.      
   മട്ടയടിച്ചയാളും കളത്തിൽ പമ്പരം വെച്ച ആളും ഉൾപ്പെടെ എല്ലാവരും, ഉടനെ ആപ്പെടുക്കണം.  ആപ്പെടുക്കാൻ വൈകിയ ആൾ വെക്കണം 2. കളത്തിലുള്ളയാൾക്ക് പമ്പരം എടുക്കാം ; മട്ടയടിച്ചയാൾ വെക്കണം. 3. കളത്തിലുള്ളയാൾക്ക് പുറമേ,  മട്ടയടിച്ചയാൾ കൂടി പമ്പരം വെക്കണം. ഇങ്ങനെ ആരൊക്കെ മട്ടയടിച്ചോ, അവരൊക്കെ അപ്പപ്പോൾ പമ്പരം വെക്കണം  ആദ്യം വെച്ച പമ്പരം ഉൾപ്പെടെ ഇങ്ങനെ കളത്തിലുള്ള പമ്പരങ്ങൾ മറ്റുള്ളവർക്ക് കൊത്തി തെറുപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കാം. തന്റെ പമ്പരം കളത്തിനു പുറത്തേക്ക് തെറിച്ചയാൾക്ക് അതെടുത്ത് കളി തുടരാം. ഒരെണ്ണം മാത്രം അവശേഷിച്ചതോ എല്ലാം കൂടി ഒരുമിച്ചോ പുറത്തേക്ക് തെറിച്ചാൽ നേരത്തേ പറഞ്ഞതു പോലെ ആപ്പെടുത്ത് കളി തുടരാം.

2. ചവിട്ടിപ്പൂത്തൽ

കളത്തിന്റെ ഉടമസ്ഥാവകാശം, കളത്തിൽ പമ്പരം വെച്ച ആൾക്ക് ( ആളുകൾക്ക്) ആണെന്നാണ്  സങ്കല്പം. സ്വാഭാവീകമായും ആരെങ്കിലും പമ്പരം കൊത്തിയ ശേഷം അവരുടെ പമ്പരം കളത്തിനുള്ളിൽ തന്നെ നിന്നു കറങ്ങുന്നുവെന്നോ  നിന്നു പോയെന്നോ കരുതുക. കളത്തിൽ പമ്പരം  വെച്ചയാൾക്ക് ആ പമ്പരം കളത്തിനുള്ളിൽ തന്റെ കാലു കൊണ്ട് ചവിട്ടിനിർത്താനുള്ള  അവകാശത്തെ ചവിട്ടിപ്പൂത്തൽ എന്നു പറയുന്നു. ഇവിടേയും രണ്ട് ഓപ്ഷൻ ഉണ്ട് : 1. ചവിട്ടിപ്പൂഴ്ത്തിയ ആൾക്ക്  തന്റെ പമ്പരം എടുക്കാം. മറ്റേയാൾ മാത്രം വെച്ചാൽ മതി. 2. രണ്ടാളും പമ്പരം വെക്കണം.

ഈ പറഞ്ഞതിൽ ഏതൊക്കെ ഓപ്ഷൻ വേണമെന്ന് മുമ്പേ പറഞ്ഞുറപ്പിച്ചു വേണം കളി തുടരാൻ.  

 അത്രയും ആയി. കളിയും തുടങ്ങി.

ആരാണ് ഈ കളിയിലെ വീരൻ, വീരാധിരാജൻ ?

സംശയമെന്ത്, ഇങ്ങനെ  കളത്തിലുള്ള പമ്പരത്തെ കൊത്തിക്കൊണ്ടിരിക്കുമ്പോൾ, തന്റെ പമ്പരം കൊണ്ട്  കളത്തിൽ  വെച്ച  പമ്പരത്തിൽ കൊത്തു വീഴ്ത്തുന്നവൻ തന്നെ. കൊത്തിനു പകരം, ആ പമ്പരത്തിലെ ഒരു   ചീള് തെറിപ്പിച്ചുവെന്ന് കരുതുക. അങ്ങനെയെങ്കിൽ കളിയിലെ വീരാധിവീരരാജാധിരാജ ചക്രവർത്തിയായി ആരോഹണം ചെയ്യപ്പെടും !!

പമ്പരത്തിൽ കൊത്തു വീണയാളോ,  അയാൾ  അപമാനത്തിന്റെ പടുകുഴിയിലാണ്. കഴിയുമെങ്കിൽ ആ കളി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ തന്നെ ആ കൊത്തടയാളം റോഡിൽ  ഉരച്ചോ ടാർ പോലെ എന്തെങ്കിലും തേച്ചോ ഇല്ലാതാക്കാൻ ശ്രമിക്കും. ചീളാണ് പോയതെങ്കിൽ, രണ്ടു മുന്നു ദിവസത്തേയ്ക്ക് പിന്നെ കളിക്കാൻ കാണുകയുമില്ല !!

അപ്പോങ്ങന്യാ ? കലക്ക്വല്ലേ പമ്പരം കൊത്ത് ?

(ഇരട്ടക്കളം പിന്നെ പറയാം  )