2014, മേയ് 30, വെള്ളിയാഴ്‌ച

നാല്പത് കലോറി.

വണ്ണം കുറച്ചതു കൊണ്ടാണോ അതോ പത്തുനാല്പത് വയസ്സായതുകൊണ്ടാണോ എന്നറിയില്ല, സ്ലീവ് ലെസ്സ് കൈകൾ കാണുമ്പോൾ ഓഷോ പറഞ്ഞ ഈ കഥ ഓർമ്മ വരും. :
മധ്യവയസ്ക്കന്റെ വണ്ണം കുറക്കാൻ ഡോക്ടർ അയാൾക്ക് കർശനമായ ഭക്ഷണരീതി നിർദ്ദേശിച്ചു.  രണ്ടുമാസം കൊണ്ട് 15 കിലോഗ്രാം ഭാരം കുറഞ്ഞ അയാൾ ഡോക്ടറോട് പറഞ്ഞു : " എനിക്കു വളരെ പ്രസരിപ്പ് തോന്നുന്നു ; ഒരു യുവാവിനെ പോലെ.  ഇന്ന് ഞാൻ സ്ലീവ് ലെസ്സ്  ബ്ലൗസിട്ട ഒരു പെൺകുട്ടിയെ കണ്ടു.  അവളുടെ കൈ കടിച്ചു തിന്നാൽ എനിക്കു തോന്നി."

"നിങ്ങൾക്കത് ചെയ്യാമായിരുന്നു." ഡോക്ടർ പറഞ്ഞു. " അത് ഏകദേശം നാല്പത് കലോറിയേ വരൂ.. "

2010, നവംബർ 13, ശനിയാഴ്‌ച

പശു

നിഷ്ക്കുപുരത്ത് കന്നുകാലി പ്രദര്‍ശനം നടക്കുകയാണ്.വെറ്റിനറി യൂണിവേര്‍സിറ്റിയാണ് സംഘാടകര്‍.ആടുകളേയും എരുമകളേയും ഒക്കെ കണ്ട് നിഷ്ക്കുവും കൂട്ടരും അവസാനമെത്തിയത് പശുക്കളെ പ്രദര്‍ശിപ്പിക്കുന്നിടത്താണ്." ഇത് ജഴ്സി... ഇത് ഹോള്‍സ്റ്റെയ്ന്‍ ഫ്രീഷര്‍.." സ്റ്റാളിലെ ജീവനക്കാരന്‍ പരിചയപ്പെടുത്തി കൊടുത്തു..രണ്ടും വിദേശ ജനുസ്സുകളാ..ഇത് സിന്ധി... നമ്മടെ ഇന്ത്യന്‍ ജനുസ്സാ... പാലുല്പാദനം കുറവാണെങ്കിലും നല്ല പ്രതിരോധ ശേഷിയുള്ള ഇനമാ..." അങ്ങനെ നടന്നു നടന്നവര്‍ അവസാനം ഒരു എമണ്ടന്‍ പശുവിന്റെ അടുത്തെത്തി..." ഇതു നമ്മുടെ യൂണിവേര്‍സിറ്റി വികസിപ്പിച്ചെടുത്ത പുതിയ ഇനമാ...ഇപ്പോ കേരളത്തില് ഏറ്റവും കൂടുതല്‍ പാലുല്പാദനം ഇവള്‍ക്കാ...പക്ഷെ ഒരു കുഴപ്പം പറ്റി.. ഒട്ടും ചൂടു സഹിക്കാന്‍ പറ്റില്ല ഇവള്‍ക്ക്..ഒരു അരമണിക്കൂര്‍ കൂടുമ്പഴെങ്കിലും കുളിപ്പിച്ചുകൊണ്ടിരിക്കണം...കണ്ടില്ല്യെ... ഞങ്ങള്‍ ഇവള്‍ക്കു തന്നെ വേറെ ഒരു മോട്ടോര്‍ വെച്ചിരിക്ക്യാ...കേരളത്തനിമയൊള്ള നല്ലൊരു പേര് കണ്ടെത്താന്‍ കഴിയാത്തതു കൊണ്ട് ഇവള്‍ക്കു ഞങ്ങള്‍ പേരിട്ടിട്ടില്ല്യ..വേണമെങ്കില്‍ നിങ്ങള്‍ക്കും നല്ലൊരു പേരെഴുതി ആ പെട്ടിയിലിടാം.. ഏറ്റവും നല്ല പേര് നിര്‍ദേശിക്കുന്നയാള്‍ക്ക് സമ്മാനമുണ്ട്...."
കൂട്ടുകാരൊക്കെ വിട്ടു കളഞ്ഞെങ്കിലും നിഷ്ക്കു പശൂവിനിടാന്‍ പറ്റിയ പേര് ആലോചിയ്ക്കുകയായിരുന്നു.
:നടേ പറഞ്ഞ രണ്ടെണ്ണം മദാമ്മമാരായിരിക്കും..കൊറെ കണ്ടിട്ടുണ്ട് അവറ്റേളെ.. ഒരു നാണോം മാനോം ഇല്യാത്ത ജാതികളാ..മൂന്നാമത് പറഞ്ഞത് ഇന്ത്യന്‍ തന്നെ.. അതിന്യേം കണ്ടിട്ട്ണ്ട്..ഇവര്
പേരിട്ടപ്പ അവസാനത്തെ 'ഉ' കാരം മാറ്റി 'ഇ'കാരമാക്കീട്ട്ണ്ട്..അതെന്നെ..അപ്പ പിന്നെ .. മൊത്തത്തിലൊള്ള പുഷ്ടിമേം എടയ്ക്കെടയ്ക്ക് കുളിക്കുന്ന സ്വഭാവോം നോക്കുമ്പോ പറ്റിയ പേര് ഒന്നേയുള്ളു.. അതാവുമ്പോ നല്ല കേരളത്തനിമ്യേണ്ട്....' സമ്മാനം തനിക്കു തന്നെ എന്നുറപ്പിച്ച്
കിഷ്ക്കു ആരും കാണാതെ വെള്ള പേപ്പറില്‍ പേരെഴുതി :" ഷക്കീലി "
******************************
ആരെയും വേദനിപ്പിക്കാതെ എല്ലാവരേയും ചിരിപ്പിക്കാന്‍ കഴിയുന്നതാണ് നല്ല തമാശ. ഷക്കീല എനിക്കു മാപ്പു തരട്ടെ !

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

നിഷ്കുവിന്റെ ആദ്യ ഗുരു

നിഷ്ക്കുവിന് കാണപ്പെട്ട ദൈവങ്ങള്‍ രണ്ടാണ് .ഒന്ന് പഞ്ചറ്കുമാരേട്ടന്‍, മറ്റേത് വയറന്‍ പോളേട്ടന്‍. ആദ്യ ഗുരു എക്സ്. മുംബൈ..അവിടേയും ഇപ്പോള്‍ നാട്ടില്‍ വന്നും കാറ്റു പോകുന്ന ദ്വാരങ്ങള്‍ ഒട്ടിക്കുന്നു.രണ്ടാം ഗുരു എക്സ്. ഗള്‍ഫ്.ഇപ്പോള്‍ നാട്ടില്‍ വിശ്രമം,വീരവാദം.
വൈകുന്നേരം.സ്ഥലം : കുമാരേട്ടന്റെ പഞ്ചറുകട.മുംബൈ ജീവിതം അയവിറക്കുകയാണ് കക്ഷി.
നിഷ്ക്കുവും വേറെ രണ്ടു മൂന്നു നാട്ടിന്‍പുറ നിഷ്ക്കുമാരും ശ്രോതാക്കള്‍.
' അങ്ങനിരിക്കുമ്പഴാ ബാലേട്ടന്‍ സാന്താക്രൂസ്സ് എയര്‍പോര്‍ട്ടിന്റവിടെ പുത്യേ കട തൊടങ്ങീത്.വിമാനൊക്ക്യണ്ടല്ലാ.. നമ്മക്കൊന്ന് ചാട്യാ തൊടാം.എന്തൂട്ടാ പറയണ്.. ഈ ഇയ്യാമ്പാറ്റ വരില്ല്യേ, അത് പോല്യല്ലേ പണ്ടാറങ്ങള് ഏറങ്ങേം പറക്കേം ചെയ്യണത്...നമ്മക്കണ്ങ്ങെ ഇതൊക്കെ നോക്കാന്‍ നേരണ്ടോ...ഒട്ടിക്ക്യലെന്നെ ഒട്ടിക്ക്യല്...ന്നാലും ഈ പിശാശെന്തിനാ ഈ കണ്ണും ചെവ്ടും കേക്കാത്തോട്ത്ത് കട തൊടങ്ങ്യേന്ന് ഇന്‍ക്ക്യാദം പിടി കിട്ടില്യ.അങ്ങനെ ഒരീസ്സം
ഉച്ചക്കൊന്ന് നടു നീര്‍ത്താന്ന് വച്ചിരിക്കുമ്പഴല്ലേ വെള്ത്ത പേന്റും ഷര്‍ട്ടും ഒര് ജാതി ടൈയ്യൊക്കിട്ട് ടയറും തള്ളി വെയര്‍ത്ത് കുളിച്ച് ഒര്ത്തന്‍ വര്ണ്...ആര്ണ്.... പൈലറ്റ് !!.... എന്തൂട്ടാ സംഭവം ? വിമാനത്തിന്റെ ടയറ് പഞ്ചറായി ! ചെക്കന്‍ വന്ന വഴി എന്റെ കാല് പിടിച്ച് ഒറ്റ നെലോള്യാ....ഹിന്ദീലാട്ടാ....പൊന്നു ചേട്ടാ .. രക്ഷിക്കണം. ഒന്നേ മുപ്പത്തഞ്ചിനു പോണ്ട വണ്ട്യാ....ദിപ്പ ചെന്നു നോക്യപ്പിണ്ട് ടയറ് പതിഞ്ഞു കെടക്ക്ണ്...രണ്ടുമൂന്നുപ്രാശ്യം എയറടിച്ചു നോക്കി.. നിക്കിണില്യ.ഫ്ലൈറ്റ് ഇപ്പ പൊങ്ങില്യങ്ങെ മൊതലാളി എന്റെ കൊങ്ങയ്ക്ക് പിടിയ്ക്കും!
ഇനിയ്ക്കങ്ങ്ട് വെല്ലാണ്ടായി....ചെറ്യേ ചെക്കന്‍...സംബവം ഈ ഡേഷെള്ക്ക് എപ്പഴും വെല്യ പോസാ.. ന്നാലും ആപത്തീപ്പെട്ടോരെ സഹായിക്കിണത് എന്റൊരു ശീലായി പോയില്യേ !
എന്തൂട്ടാ സംഭവംന്ന് നിങ്ങക്ക് വെല്ല പിടീണ്ടാ ! വിമാനത്തിന്റെ ടയറ് ! നീയ്യ് കണ്ടിട്ട്ണ്ട്രാ വിമാനത്തിന്റെ ടയറ് ? കുമാരേട്ടന്‍ നിഷ്ക്കുവിനോടാണു ചോദിച്ചതെങ്കിലും എല്ലാ നിഷ്ക്കുമാരും കോറസ്സായി ഇല്ലെന്നു തലയാട്ടി.. " എന്നാ ഞാന്‍ പറഞ്ഞെരാ..ഈ പണ്ടാറണ്ടല്ലോ.. ഇരുമ്പും റബ്ബറും ചേര്‍ത്ത് മിക്സ് ചെയ്തിട്ടാ ഇണ്ടാക്ക്ണെ.പ്ശ് പ്ശ് ന്നിരിക്കും തൊടുമ്പോ ! ട്യൂബും അങ്ങനെന്നെ. ഇത്രേം ഭാരം താങ്ങണ്ടെ .. അയിനാ ഇരുമ്പ് ചേര്‍ക്ക്ണ്ത്.ഞാന്‍ നമ്മടെ സാദാരണ പശ്യട്ത്ത് ഒട്ടിച്ചോക്കി.. എവടെ ! നിക്കണ്ടെ .. ഇരുമ്പല്ലെ.. ചെക്കനണ്ങ്ങെ ഇത് ശെര്യാവില്യെങ്ങെ ഞാനിപ്പ ചാവുംന്ന്
പറഞ്ഞിട്ടാ നിക്ക്ണത്...അവസാനം ഇനിക്ക്യൊരു ബുദ്ദി തോന്നി.. ആ ശിവന്‍ ചെക്കന്‍ നാട്ടീന്ന് വന്നപ്പോ കൊണ്ടന്നീര്ന്ന ചക്കേരെ പക്‌തി ഇരിക്ക്ണ്ടാര്‍ന്നു.അതിന്റെ തണ്ടുമ്മന്ന് ഇത്തിരി
പശ്യട്ത്ത്ങ്ങ്ട് ഒരു പൂശാ.. സങ്ങതി ക്ലീന്‍...ചെക്കന്‍ എന്നെ ഒറ്റ കെട്ടിപ്പിട്ത്താ....രണ്ടഞ്ഞൂറിന്റെ നോട്ടാ ചെക്കന്‍ പിന്നെ നീട്ട്യേത്.....ഞാന്‍ വേടിച്ചില്ല്യ.... ഏത്.. നമ്മക്കൂണ്ടല്ലോ ഒരന്തസ്സ് !.. സംബവം നിന്നത് നിന്നു...ഇനീപ്പൊ വിമാനം എറക്കുമ്പ്ഴും പൊക്കുമ്പഴും ഫസ്റ്റ് ഗീറിലിട്ടില്യെങ്ങെ പണി പാളുംന്ന് ചെക്കന്യൊന്ന് മനസ്സിലാക്കാന്‍ ഞാന്‍പെട്ട പാട്......
പിന്നവടന്നങ്ങ്ട് ഇങ്ങ്ട് പോര്ണ വരെ ഇനിയ്ക്കതെന്ന്യായിര്‍ന്നു പണി..ഒരു പത്തഞ്ഞൂറെണ്ണെങ്കിലും ഞാനങ്ങനെ ചക്കപശേമെ നിര്‍ത്തി കൊട്ത്തിട്ട്ണ്ട്...ആ.. അദൊക്കെ ഒരു കാലം ....." കുമാരസ്മരണകളുടെ കൊടിയിറക്കം തുടങ്ങിയെന്ന് നിഷ്ക്കുവിന് മനസ്സിലായി....
അന്നത്തേയ്ക്കും എന്നത്തേയ്ക്കും ഓര്‍ത്തു വെയ്ക്കാനുള്ളതു കിട്ടിയ സന്തോഷത്തോടെ നിഷ്ക്കുവും കൂട്ടരും കൂടുകളിലേയ്ക്ക് പറന്നു.


വാല്‍കഷണം :
പിറ്റേന്ന് വൈകുന്നേരം നിഷ്ക്കു ആ ഗംഭീരന്‍ സംശയം ആദ്യ ഗുരുവിനോടു ചോദിച്ചു. " അല്ല കുമാരേട്ടാ..ഈ വിമാനം ആകൊരിത്തിരി നേരല്ലേ നെലത്തുക്കൂടെ ഓടുണൊള്ളൂ..അതും നമ്മടെ മായിരിത്തെ തല്ലിപൊളി റോഡൊന്നുല്ലലൊ... ഒന്നാന്തരം റണ്‍വേ കൂട്യല്ലേ ഓട്ണത്.. പിന്നെങ്ങന്യാ ടയറ് പഞ്ചറാവ്ണത് ? " ഗുരു ഒന്നു പതറീന്നൊള്ളത് നേര്.. പിന്നെ അദ്ദേഹം ശിഷ്യന്റെ പുറത്തു തട്ടി അഭിനന്ദിച്ചു . " നീയ്യ് വിചാരിച്ച മായിരിയല്ലലാ.. ഇത്തിരി മൂള്യോള്ള കൂട്ടത്തിലാ....ഡാ... ഈ വിമാനത്താവളം ന്ന് പറഞ്ഞാ എന്തോരം ആള്‍ക്കാര് വെര്ണ സ്തലാ...
കാണ്മ്പ തന്നെ തൊടങ്ങില്യേ കെട്ടി പിട്ത്തോം ഉമ്മ കൊടുക്കലും.. ഈ പരാക്രംത്തിന്റെടയ്ക്ക്
പെണ്ണ്ങ്ങള്‍ടെ തലേലൊള്ള സ്ലേഡും വട്ടചക്രൊക്കെ നെലത്ത് വീഴില്ല്യേ.. ആ ജാതി പണ്ടാറങ്ങള്
കേറീട്ടല്ലേ ടയറ് പഞ്ച്റാവ്ണ്..എത്ര സ്ലേഡാ ഇനിയ്ക്ക് ടയ്റേള്മ്മ്ന്ന് കിട്ടാറ്ന്നറിയോ..."
ഉത്തരത്തില്‍ ശിഷ്യന്‍ വീണ്ടും വിനീത വിധേയനായി ഗുരുവിനെ കാല്‍തൊട്ടു മനസ്സാ നമിച്ചു.